വയനാട് : വൈത്തിരിയില്‍ സ്ത്രീ നായയുടെ കടിയേറ്റ് മരിച്ചു. അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മ(54)യാണ് മരിച്ചത്.
രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് ഇവരെ നായ കടിച്ചത്. നായയുടെ ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്.
വൈത്തിരി ചാരിറ്റി സ്വദേശിയായ കാരിച്ചാല്‍ ജോസ് വളര്‍ത്തുന്ന നായയാണ് രാജമ്മയെ ആക്രമിച്ചത്. ഒരു കൈ മുഴുവനായും മറ്റേ കൈ ഭാഗികമായും തലയുടെ ഒരു ഭാഗവും നായ കടിച്ചു പറിച്ചു. ചോര വാര്‍ന്ന് അബോധാവസ്ഥയിലായ ഇവരെ വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കാടന്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചു.