തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. പരുക്കേറ്റ മറ്റൊരു വീട്ടമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കരുംകുളം പുല്ലുവിള ചെമ്പകന്‍രാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് തെരുവുനായ്ക്കളുടെ അതിക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പുറത്തേക്കിറങ്ങിയ ശിലുവമ്മയെ കാണാഞ്ഞതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ മകന്‍ സെല്‍വരാജാണ് അമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നത് കണ്ടത്.
തുടര്‍ന്ന് നായ്ക്കളെ ഓടിച്ച് ശിലുവമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സെല്‍വരാജിനും നായ്ക്കളുടെ കടിയേറ്റിരുന്നു. നൂറോളം നായ്ക്കള്‍ ചേര്‍ന്നാണ് അമ്മയെ ആക്രമിച്ചതെന്ന് സെല്‍വരാജ് പറഞ്ഞു.
ദീര്‍ഘകാലമായി പുല്ലുവിള പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഈ വിഷയം കൂടി നടന്നതോടെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരിക്കുന്നത്.
പുല്ലുവിള സ്വദേശിയായ ഡെയ്‌സിയും തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇന്നലെ രാത്രി വീടിന് പുറത്തിറങ്ങിയ സമയത്താണ് ഡെയ്‌സിക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നത്. കൈയിലും കാലിലും നിരവധി കടികളേറ്റ ഇവരെ രാത്രി പതിനൊന്നരയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുളള നടപടികള്‍ കൈക്കൊള്ളുമെന്ന് കരുംകുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.