കണ്ണൂര്‍ : ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമായി സ്കൂൾ വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു.
കണ്ണൂരില്‍ ചമ്പാട് തെരുവ് നായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ചമ്പാട് അര്‍ഷാദ് മന്‍സിലില്‍ മുഹമദ് റഹാന്‍ റഹീസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടു വരുന്നതിനിടയിലാണ് ചമ്പാട് വെസ്റ്റ് യു പി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍ റഹീസിന് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമെത്തിയപ്പോള്‍ കുട്ടിക്ക് നേരെ നായ ചാടി വീഴുകയായിരുന്നു.
വലത് കൈയിലും കാലിലും ആഴത്തില്‍ മുറിവേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്ന്. രണ്ടു ദിവസം മുമ്പാണ് പാനൂരിലെ വീട്ടു മുറ്റത്ത് വെച്ച് ഒന്നര വയസുകാരനെ തെരുവു നായ കടിച്ചു കീറിയത്. കണ്ണിനും മൂക്കിനും ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായിരുന്നു.
പത്തനംതിട്ട പെരുനാട്ടിൽ നാല് പേര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ലോട്ടറി വിൽപ്പനക്കാരി ഉഷാകുമാരി, മറിയാമ്മ, ലില്ലി, സാരംഗൻ, എന്നിവരെയാണ് നായ ആക്രമിച്ചത്. നാല് പേരും ആശുപത്രിയിൽ ചികിത്സ നേടി. കോഴിക്കോട്ടി കുറ്റൃാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പതിനേഴുകാരൻ ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.