ഉത്തർപ്രദേശ് സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരം തെരുവ് നായ വലിച്ചിഴച്ചു

അലഹബാദ് : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിന്റെ ശരീരം തെരുവ് നായ വലിച്ചിഴച്ചു.

ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നാണ് കുട്ടിയുടെ ശരീരം തെരുവ് നായ കടിച്ചു കൊണ്ട് പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മറ്റ് രോഗികളുടെ ബന്ധുക്കളാണ് നായ കുട്ടിയുടെ ശരീരം ആശുപത്രിയുടെ പ്രധാന കവാടത്തിനടുത്തേയ്ക്ക് എടുത്തോണ്ട് പോകുന്നത് കണ്ടത്. തുടർന്ന് നായെ ഓടിച്ചു വിടുകയും മൃതദേഹം വീണ്ടെടുക്കുകയും ചെയ്‌തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അസംഗഡിലെ ദിയോറിയ ഗ്രാമത്തിൽ നിന്നുള്ള മഹാതാം യാദവിന്റെ ഭാര്യ ഷീലാ യാദവ് (35) ആണ് വ്യാഴാഴ്ച വൈകുന്നേരം ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുട്ടി കുറച്ചു സമയത്തിന് ശേഷം മരണപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹം വാർഡിൽ നിലത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട ഷീലയും , വാർഡിലെ മറ്റ് സ്ത്രീകളും ഉറക്കത്തിലായിരുന്നു. അതിനാൽ നായ കുട്ടിയുടെ ശരീരം എടുത്തോണ്ട് പോയത് ആരും കണ്ടിരുന്നില്ല.

സംഭവം ആശുപത്രി അധികൃതർ അറിഞ്ഞതോടെ കുട്ടിയുടെ ശരീരം മാതാപിതാക്കളുടെ കൈവശമാണെന്ന് വ്യക്തമാക്കി നോട്ടീസ് പുറത്തിറക്കി.

‘പ്രസവത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം സൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ആശുപത്രി അധികാരികളുടെ കുഴപ്പവുമല്ല. ഹോസ്പിറ്റലിൽ ഓരോ സ്ത്രീകൾക്കായി സുരക്ഷിതത്വം നൽകാൻ കഴിയില്ലെന്നും, ആശുപത്രിയിലെ പ്രശ്നങ്ങളെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും’ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അമിതാ അഗർവാൾ വ്യക്തമാക്കി.

കുട്ടിയുടെ മൃതദേഹം സ്വീകരിച്ചപ്പോൾ ബന്ധുക്കൾ ഒപ്പിട്ട് നൽകിയിരുന്നതായും മെഡിക്കൽ സൂപ്രണ്ട് കൂട്ടിച്ചേർത്തു.

ഉത്തരപ്രദേശിൽ ഇത്തരം സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഗാസിയാബാദിലെ എംഎംജി ജില്ലാ ആശുപത്രിയിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ എടുത്തുകൊണ്ട്
പോയിരുന്നു.

Top