തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയെപോലും അവഗണിച്ച് സംസാരിക്കാനും ഇടപെടാനും ആരാണ് മേനക ഗാന്ധിക്ക് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധി നാട്യക്കാരിയായി(ഹിപ്പോക്രാറ്റ്) മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് പലസ്ഥലത്തും ആളുകള്‍ മരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും മേനക ഗാന്ധി കാണുന്നില്ല, ഈ വിഷയത്തില്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ അടിയന്തര നോട്ടീസ് നിയമസഭ പരിഗണിച്ചിരുന്നില്ല. നാളെ പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിച്ചേക്കും.
തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന്റെ സിറ്റ് ഔട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പുലര്‍ച്ചെ തെരുവ് നായയുടെ കടിയേറ്റ വൃദ്ധന്‍ ഇന്നലെ മരിച്ചിരുന്നു.
നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മേനക ഗാന്ധിയുടെ അഭിപ്രായത്തെ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും വിമര്‍ശിച്ചിരുന്നു.