കണ്ണൂര്‍: അഴീക്കോടിനടുത്ത് കപ്പക്കടവില്‍ നാലുവയുകാരിയെ തെരുവ് നായ ആക്രമിച്ചു. കപ്പക്കടവ് സ്വദേശി അഷറഫിന്റെ മകള്‍ ഹൈഫയ്ക്കാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കടല്പ്രദേശമായതു കൊണ്ടു തന്നെ അഴീക്കോട് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കപ്പക്കടവില്‍ പത്തോളം പേര്‍ക്ക് തെരവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ പ്രശ്നം പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചുവെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. തെരുവുനായ ശല്ല്യത്തിനെതിരെ ഇനിയും നടപടികള്‍ വൈകുകയാണെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.