തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ പെയിന്റ് അടിച്ച സംഭവത്തില്‍ അജ്ഞാതനെ തേടി മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍. തെരുവ് പട്ടിയുടെ മേലാണ് കടുവയുടേതിന് സമാനമായ പെയിന്റ് അടിച്ചത്. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന.
മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ് ഇതിനെതിരെ ഉയരുന്ന ആരോപണം. ‘നായ ആരുടേതാണെന്നും സ്ഥലം എവിടെയാണെന്നും മലേഷ്യന്‍ മൃഗസംരക്ഷണ സംഘടന കണ്ടെത്തിയിട്ടുണ്ട്’ നായയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കടുത്ത ഓറഞ്ച് നിറത്തില്‍ കറുത്ത വരകളാണ് നായയുടെ ശരീരത്തിന് നല്‍കിയിരിക്കുന്നത്.