തിരുവനന്തപുരം: 2013-17 വരെയുള്ള അഞ്ചുവര്‍ഷക്കാലത്ത് കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത് 5,54,597 പേരെന്ന് കണക്കുകള്‍.42 പേര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടമായത്. സര്‍ക്കാര്‍ ആസ്പത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആസ്പത്രികളിലെ കണക്കുകൂടി എടുത്താല്‍ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കും.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. 1.18 ലക്ഷം. ഇക്കാര്യത്തില്‍ പാലക്കാട് രണ്ടാമതും കൊല്ലം മൂന്നാമതുമാണ്. സംസ്ഥാനത്താകമാനം ഈ വര്‍ഷം 1.12 ലക്ഷം പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്.
2016-ല്‍ 1.35 ലക്ഷം പേരാണ് പട്ടി കടിച്ചതിനു ചികിത്സതേടിയത്. ഓരോ വര്‍ഷവും കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
പേവിഷബാധയ്‌ക്കെതിരേയുള്ള ചികിത്സയ്ക്ക് വേണ്ടത് നാലായിരം രൂപയോളം വിലയുള്ള മരുന്ന്. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇതു സൗജന്യമാണെങ്കിലും പലപ്പോഴും ഇവിടെ ആവശ്യത്തിനു മരുന്നുകള്‍ ഉണ്ടാകില്ല.
കടിയേറ്റ ദിവസത്തെ കുത്തിവെപ്പിന് പുറമെ മൂന്ന്, എഴ്, 14, 28 ദിവസങ്ങളിലാണ് കുത്തിവെപ്പെടുക്കുക. ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബലിന്‍ ആണ് കടിയേറ്റ ഉടന്‍ രോഗിക്കു നല്‍കുക. തുടര്‍ന്ന് ആന്റി റാബീസ് വാക്‌സിനും നല്‍കും. പട്ടികടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം ഒന്നും നല്‍കുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തൃശ്ശൂര്‍ എറവ് കുറ്റിച്ചിറവീട്ടില്‍ വേണുഗോപാലിനു വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം ഉള്ളത്.