കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; ഒമാന്‍

ഒമാന്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമാന്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ വരെ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രതിനിധിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് വൈകാതെ തീരുമാനമെടുക്കും.

കൃത്യമായ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കുകയുള്ളു. വിട്ടുനില്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വരുന്ന ആഴ്ചകളില്‍ വാക്‌സിനേഷന്‍ സജീവമാക്കും. 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തിനുള്ളില്‍ മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് ഒരു ഡോസ് എങ്കിലും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

അടുത്ത മൂന്നാഴ്ചക്കുള്ളില്‍ 32,000 വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്‌കൂളുകളിലുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ നല്‍കും. ഒമാനില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതിനാല്‍ സുപ്രീംകമ്മിറ്റി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

Top