കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികള്‍ അനധികൃതമായി കൈവശം വച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ കണ്ടുകെട്ടാന്‍ കുവൈറ്റ് ട്രാഫിക് വിഭാഗം നടപടി തുടങ്ങി. ഇതോടെ ഒരു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാവുകയും അവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികളെ ഇത് സാരമായി ബാധിക്കും. അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വച്ചതിന് പിടിയിലാവുന്ന പ്രവാസികളെ നാടു കടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികളില്‍ പലരും കാലാവധി കഴിഞ്ഞതോ, തുടര്‍ന്ന് ഉപയോഗിക്കാന്‍ നിയമപരമായി അനുവാദമില്ലാത്തതോ ആയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍.
നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് പലരും ഇവ ഉപയോഗിക്കുന്നത്. മാത്രമല്ല, പിടിക്കപ്പെട്ടാല്‍ അഞ്ച് ദിനാര്‍ പിഴ അടച്ച് രക്ഷപ്പെടാമെന്നതും അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചതിനുള്ള പിഴയാണിത്. എന്നാല്‍ ഇത്തരം കേസുകള്‍ കാലാവധി കഴിഞ്ഞ ലൈസന്‍സുകളായി പരിഗണിക്കാനാവില്ലെന്നും അനധികൃത ലൈസന്‍സായി കാണണമെന്നുമാണ് അധികൃതരുടെ തീരുമാനം.
തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്ന ലൈസന്‍സ് അവരുടെ ജോലി മാറുന്നതോടെ അസാധുവാകുമെന്നാണ് നിയമം. അതോടൊപ്പം ഏത് പ്രൊഫഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് വിസ കാലാവധി തീരുന്നതോടെ അവസാനിക്കും. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിലേറെ പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നതായാണ് മന്ത്രാലയത്തിന്റെ കണക്ക്.