അന്ധവിശ്വാസ കൊലപാതകങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്നും നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ വിഷം നല്‍കി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന വിവരത്തിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്ന ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’, അല്‍ഫോന്‍സ് പുത്രന്‍ കറിച്ചു.