മുംബൈ : ബംഗ്ലദേശ് പര്യടനത്തിലെ വിവാദങ്ങളെത്തുടർന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ കടുത്ത നടപടി വന്നേക്കും. മൂന്നാം ഏകദിനത്തിൽ പുറത്തായതിനു പിന്നാലെ ബാറ്റുകൊണ്ടു വിക്കറ്റ് തല്ലിയൊടിച്ച ഹർമൻപ്രീത്, അംപയർമാരോടു തർക്കിച്ചിരുന്നു. മത്സര ശേഷം ബംഗ്ലദേശ് താരങ്ങൾക്കൊപ്പം അംപയര്‍മാരും ഫോട്ടോയ്ക്ക് നിൽക്കണമെന്ന് ഹർമൻപ്രീത് പറഞ്ഞതും വൻ വിവാദത്തിനു വഴിയൊരുക്കി.
മാച്ച് ഫീസിന്റെ 75 ശതമാനം ഹർമൻപ്രീത് കൗർ പിഴയായി അടയ്ക്കേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. സ്റ്റംപ് തകർത്തതിന് 50 ശതമാനം മാച്ച് ഫീയും ഫോട്ടോ സെഷനിലെ പ്രശ്നങ്ങളുടെ പേരിൽ 25 ശതമാനം മാച്ച് ഫീയും പിഴയായി ഈടാക്കും. ഇന്ത്യൻ ക്യാപ്റ്റനു ശിക്ഷയായി നാല് ഡീമെറിറ്റ് പോയിന്റുകളും ചുമത്തും. ഹർമൻപ്രീത് കൗറിന്റെ പെരുമാറ്റത്തിൽ ബംഗ്ലദേശ് ക്യാപ്റ്റൻ നൈഗർ സുൽത്താന പ്രതിഷേധം അറിയിച്ചിരുന്നു.
ഗ്രൗണ്ടിൽ മാന്യമായി പെരുമാറാൻ ഇന്ത്യൻ ക്യാപ്റ്റൻ പഠിക്കണമെന്നായിരുന്നു നൈഗർ സുൽത്താനയുടെ ഉപദേശം. ഇന്ത്യൻ ക്യാപ്റ്റൻ പരിഹസിച്ചതോടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിൽക്കാതെ ബംഗ്ലദേശ് താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങിയിരുന്നു. സംഭവത്തിൽ ബംഗ്ലദേശ് ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നാണു വിവരം. അവസാന ഏകദിനം സമനിലയിലായതോടെ പരമ്പരയും സമനിലയിൽ (1–1) പിരിഞ്ഞു.