തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ. നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്തരം ആവശ്യം അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫീസ് നിയന്ത്രിക്കുന്നതില്‍ ഇടപെടാന്‍ നിര്‍ദ്ദേശിച്ചത്. ഒരു മാനേജ്‌മെന്റും ഈ അധ്യയന വര്‍ഷം സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ചെലവാകുന്ന യഥാര്‍ത്ഥ തുകയേക്കാള്‍ അധികം തുക ഫീസായി വാങ്ങരുത്.
കോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. കോവിഡ് സാഹചര്യത്തില്‍ ഓരോ സ്‌കൂളും വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അനുസരിച്ചാകണം ഫീസ് നിശ്ചയിക്കേണ്ടത്. ഇതു അധിക തുകയല്ലെന്നും ലാഭമുണ്ടാക്കുന്നതല്ലെന്നും മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം എന്നും നിർദ്ദേശം ഉണ്ട്.