സൗദിയില്‍ ബിനാമി ഇടപാടുകളില്‍ കര്‍ശന നിരീക്ഷണം; ശക്തമായ നടപടി

റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ഇടപാട് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനം. നിലവില്‍ ബിനാമി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവദിച്ച അവസരം ഉടന്‍ പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികളുണ്ടാകുമെന്നും സൗദി വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതര്‍ വ്യക്തമാക്കി.

ബിനാമി ഇടപാടുകാര്‍ക്ക് പദവി ശരിയാക്കുന്നതിനുള്ള കാലാവധി 2022 ഫെബ്രുവരി 16ന് അവസാനിക്കും. പദവി ശരിയാക്കാനും ആനുകൂല്യങ്ങളില്‍ നിന്ന് പ്രയോജനം നേടാനുമുള്ള വിലപ്പെട്ട അവസരമാണിത്. കാലാവധി അവസാനിച്ചാല്‍ വ്യത്യസ്ത ഉപകരണങ്ങളും മാര്‍ഗങ്ങളും ഉപയോഗിച്ച് പരിശോധനയുണ്ടായിരിക്കും.

ഡാറ്റ വിശകലനം ചെയ്യുന്നതിലും നിയമലംഘകരെ പിടികൂടുന്നതിലും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്ന നൂതന രീതികള്‍ അവലംബിക്കുമെന്നും ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതര്‍ പറഞ്ഞു. അനുവദിച്ച കാലയളവിനു ശേഷം കര്‍ശന നടപടികളുണ്ടാകും.

ബിനാമി ഇടപാടില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അഞ്ച് ദശലക്ഷം റിയാല്‍ വരെ പിഴയോ അതുമല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. നിയമവിരുദ്ധമായ സ്വത്തുക്കളും ഫണ്ടുകളും കണ്ടു കെട്ടുകയും ചെയ്യും.

 

Top