strike; G sudhakaran supported pinarayi

കൊച്ചി: പണിമുടക്കിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ജി സുധാകരന്‍.

പണിമുടക്കിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തതില്‍ തെറ്റില്ല. പണിമുടക്ക് മൗലികാവകാശമാണ്. പണിമുടക്കിലൂടെയാണ് ലോകം നന്നായതെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിനാണ് ബിഎംഎസ് ഒഴികെയുളള ട്രേഡ് യൂണിയനുകള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പണിമുടക്കില്‍ ഏവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്ന് താന്‍ പറഞ്ഞത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ വാക്കുകള്‍ തനിക്ക് ഇതുവരെ തിരുത്തേണ്ടി വന്നിട്ടില്ല. ഉറച്ച നിലപാട് എടുക്കാന്‍ ചങ്കുറപ്പ് വേണം. നിലവിളക്ക് കൊളുത്തേണ്ട എന്ന തന്റെ അഭിപ്രായത്തെ ഒട്ടേറെപ്പേര്‍ പിന്തുണക്കുന്നുണ്ട്. മതവിഭാഗത്തിന്റെ ആചാരങ്ങള്‍ വേണ്ടെന്നാണ് തന്റെ നിലപാട്. ഭരണകൂടത്തിന് ജാതി ഇല്ല. എന്നാല്‍ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കിയശേഷം രണ്ടുചടങ്ങുകളില്‍ കൂടി തനിക്ക് നിലവിളക്ക് കൊളുത്തേണ്ടി വന്നവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റുളളവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ താന്‍ ഇനിയും നിലവിളക്ക് കൊളുത്തും. എന്നാല്‍ പറയാനുളളത് തുറന്നുപറയുകയും ചെയ്യും. 50 വര്‍ഷം മുമ്പ് സി.എച്ച് മുഹമ്മദ് കോയ നിലവിളക്ക് കൊളുത്താതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് ശരിയാണെന്ന് ഇഎംഎസ് ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസങ്ങള്‍ ഓരോരുത്തരുടെയും കാര്യമാണ്. വീട്ടില്‍ അമ്മ നിലവിളക്ക് തെളിയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top