തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് ആരോഗ്യ സര്‍വ്വകലാശാലയും ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ എഴുത്തു പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചിരിക്കുന്നത്.
കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വ്വകലാശാലകളും ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് ഈ സര്‍വ്വകലാശാലകളും അറിയിച്ചത്. ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവെച്ചിട്ടുണ്ട്.
മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.