സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇനി നടപടി ശക്തം; പൊലീസില്‍ 300 അംഗ സൈബര്‍ സേന വരുന്നു

സംസ്ഥാന പൊലീസില്‍ 300 അംഗ സൈബര്‍ സേന വരുന്നു. വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനാണ് ഇത്തരമൊരു പരിഷ്‌ക്കരണം നടത്തുന്നത്. സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍ ഏതുറാങ്കിലുമുള്ള എന്‍ജിനീയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാമെന്നാണു നിര്‍ദേശം. 1800 പേര്‍ അപേക്ഷ നല്‍കി. തിരഞ്ഞെടുക്കുന്നവര്‍ക്കു പരിശീലനം നല്‍കും. നിലവില്‍ 20 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും അവിടെയൊന്നും പരിശീലനം ലഭിച്ചവരില്ല. അതിനാല്‍ സൈബര്‍ പരിശോധനകള്‍ക്കായി സ്വകാര്യഏജന്‍സികളുടെ സഹായം തേടുകയാണ്.

രാജ്യത്താകെ ദിവസവും ശരാശരി 3500 സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ നടക്കുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തില്‍ ദിവസവും 30- 35 ലക്ഷം രൂപ സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നുവെന്നാണു നിഗമനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേന്ദ്രം തുടങ്ങിയ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) പൂര്‍ണസജ്ജമാകണമെങ്കില്‍ സംസ്ഥാനങ്ങളിലും സൈബര്‍സേന വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച് ഡിവിഷന്‍ (സിഐആര്‍ഡി) രൂപീകരിക്കാന്‍ കേരളം തീരുമാനിച്ചിരുന്നെങ്കിലും ഇരുനൂറിലധികം തസ്തിക സൃഷ്ടിക്കണമെന്നതിനാല്‍ നടന്നില്ല. ഇതോടെയാണു സേനയില്‍നിന്നുതന്നെ 300 പേര്‍ക്കു പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

Top