കൊറോണ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ലോകം രോഗഭീതിയില്‍ നിലനില്‍ക്കെ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ സജീവമാണ്. പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ വ്യാജ പ്രചാരണം

പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടില്‍ രോഗാണുക്കള്‍ നിര്‍ജ്ജീവമാകുമെന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രചാരണം ആരോഗ്യമന്ത്രി തള്ളി.

കൊറോണയെന്ന വൈറസില്ലെന്ന് പ്രചരണം നടത്തിയ ചിലര്‍ക്കതിരെ ആരോഗ്യവകുപ്പ് നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു.

അതേസമയം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവര്‍ തങ്ങള്‍ ഇറ്റലിയില്‍ നിന്നെത്തിയ വവിരം ആരോഗ്യവകുപ്പിനെ അറിയിക്കാത്തതിനെ മന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അലംഭാവത്തോടെയും അശ്രദ്ധയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും, ചിലരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Top