മോഴ്സ്ബി: പാപ്പുവ ന്യൂഗിനിയയിൽ വീണ്ടും ഭൂചലനം. കഴിഞ്ഞ ആഴ്ച മുപ്പതിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് പിന്നാലെയാണ് തിങ്കളാഴ്ച പുലർച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് മൂന്നു തുടർചലനങ്ങളുണ്ടായി. മോഴ്സ്ബിക്ക് 600 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി നാശനഷ്ടങ്ങളുണ്ടായിരുന്നു.