കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഗെയില്‍ വിരുദ്ധ സമരസമിതി അംഗങ്ങള്‍ രംഗത്ത്.
തങ്ങള്‍ വികസന വിരോധികളല്ലെന്നും, ഇത് ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സമരസമിതി അറിയിച്ചു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും, ഗെയില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
മാത്രമല്ല, സര്‍വകക്ഷിയോഗത്തിന് വിളിച്ചാല്‍ ചര്ച്ചയ്ക്കെത്തുമെന്നും, ഇതുവരെ ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.
നേരത്തെ, കടുത്ത ഭാഷയിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസന പദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിൽ വിരുദ്ധ സമരം സംബന്ധിച്ച് തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയാറായിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം ചർച്ച പ്രഖ്യാപിച്ചെങ്കിലും നിർമാണം നിർത്തിവച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറാവൂ എന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.