ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികച്ച് സ്റ്റുവർട്ട് ബ്രോഡ്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരം

മാഞ്ചസ്റ്റർ: ഇത് ചരിത്രം, 600 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ താരവും രണ്ടാമത്തെ മാത്രം പേസറും എന്ന നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ്. ആഷസ് നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡിനെ ജോ റൂട്ടിന്റെ കൈകളില്‍ എത്തിച്ചാണ് ബ്രോഡ് നാഴികക്കല്ല് തികച്ചത്. ബ്രോഡിനെ സിക്സിന് പായിക്കാനുള്ള ഹെഡിന്റെ ശ്രമം ‌‌ബൗണ്ടറിയില്‍ റൂട്ടിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. കരിയറിലെ 166-ാം ടെസ്റ്റിലാണ് ബ്രോഡ് 600 വിക്കറ്റ് തികച്ചത്. ഇതേ മത്സരത്തില്‍ ഓസീസ് ഓപ്പണർ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റും ബ്രോഡിനായിരുന്നു.

സ്റ്റുവർട്ട് ബ്രോഡിനൊപ്പം 600 വിക്കറ്റ് ക്ലബിലുള്ള പേസർ ഇംഗ്ലണ്ടിന്റെ തന്നെ ജയിംസ് ആന്‍ഡേഴ്സനാണ്. ശ്രീലങ്കന്‍ സ്പിന്നർ മുത്തയ്യ മുരളീധരന്‍(800), ഓസീസ് സ്പിന്നർ ഷെയ്ന്‍ വോണ്‍(708), ഇംഗ്ലീഷ് പേസർ ജിമ്മി ആന്‍ഡേഴ്സണ്‍(688), ഇന്ത്യന്‍ സ്പിന്നർ അനില്‍ കുംബ്ലെ(619) എന്നിവരാണ് 600 വിക്കറ്റ് മുമ്പ് തികച്ചവരില്‍ വിക്കറ്റ് വേട്ടയില്‍ ബ്രോഡിന് മുന്നിലുള്ളത്.

മാഞ്ചസ്റ്റർ ടെസ്റ്റില്‍ ടോസ് നേടി ‌‌ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മുന്നില്‍ ഒരുവേള പതറിയ ഓസീസ് തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഒടുവില്‍ റിപ്പോർട്ട് ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ 63 ഓവറില്‍ 255/7 എന്ന സ്കോറിലാണ് ഓസീസ്. ആദ്യദിനം മൂന്നാം സെഷന്‍ പുരോഗമിക്കുമ്പോള്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാർക്കുമാണ് ക്രീസില്‍. ഉസ്‍മാന്‍ ഖവാജ(3), ഡേവിഡ് വാർണർ(32), മാർനസ് ലബുഷെയ്ന്‍(51), സ്റ്റീവന്‍ സ്‍മിത്ത്(41), ട്രാവിസ് ഹെഡ്(48), കാമറൂണ്‍ ഗ്രീന്‍(16), മിച്ചല്‍ മാർഷ്(51) എന്നീ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ബ്രോഡിന്റെ രണ്ടിന് പുറമെ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മൊയീന്‍ അലിയും മാർക്ക് വുഡും ഓരോരുത്തരെ പുറത്താക്കി. ഗ്രീനിനെയും മാർഷിനെയും ഒരേ ഓവറില്‍ വോക്സ് പുറത്താക്കിയത് ഓസീസിന് പ്രഹരമായി.

Top