ഒടുവില്‍ പതിനെട്ടാമത്തെ അടവും എടുത്തു; ഓസീസിന്റെ അവസാന രണ്ട് വിക്കറ്റും വീഴ്ത്തി ബ്രോഡ്

കെന്നിംഗ്ടണ്‍ ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയമൊരുക്കിയത് കരിയറിലെ അവസാന ടെസ്റ്റ് കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന്റെ തന്ത്രം. ആദ്യ ഇന്നിംഗ്സില്‍ മാര്‍നസ് ലാബുഷെയ്നിനെ വീഴ്ത്താന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് വാലറ്റക്കാരനായ ടോഡ് മര്‍ഫിക്കെതിരെയും ബ്രോഡ് പ്രയോഗിച്ചത്.

ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 81 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് മാത്രമെടുത്ത് മുട്ടി മുട്ടി ക്രീസില്‍ നിന്ന ലാബുഷെയ്നിനെതിരെ ബ്രോഡ് പ്രയോഗിച്ചത് ബെയ്ല്‍സ് മാറ്റിവെക്കല്‍ തന്ത്രമായിരുന്നു. മാര്‍ക്ക് വുഡ് പന്തെറിയുമ്പോള്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലാബുഷെയ്നിന്റെ വിക്കറ്റിന് അടുത്തെത്തി ബെയ്ല്‍സുകള്‍ പരസ്പരം മാറ്റിവെച്ച ബ്രോഡിന്റെ തന്ത്രം കണ്ട് ലാബുഷെയ്ന്‍ ആദ്യം ചിരിച്ചെങ്കിലും വുഡിന്റെ അടുത്ത പന്തില്‍ ലാബുഷെയ്ന്‍ സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ അവസാന ചിരി ചിരിച്ചത് ബ്രോഡായിരുന്നു.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ വാലറ്റക്കാരന്‍ ടോഡ് മര്‍ഫിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് ക്യാരിയും ചേര്‍ന്ന് 35 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിന് ഭീഷണിയാകുമ്പോഴാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്, അവസാന ടെസ്റ്റ് കളിക്കുന്ന ബ്രോഡിനെ പന്തെറിയാന്‍ വിളിച്ചത്. ആദ്യ ഓവറുകളില്‍ കൃത്യമായ ലൈനും ലെങ്തും കണ്ടെത്താന്‍ ബ്രോഡ് പാടുപെട്ടതോടെ കമന്റേറ്റര്‍മാര്‍ പോലും ബ്രോഡിനെ മാറ്റി ക്രിസ് വോക്സിനെയോ മാര്‍ക്ക് വുഡിനെയോ പന്തേല്‍പ്പിക്കണമെന്ന് പറഞ്ഞിരുന്നു. അവസാന ടെസ്റ്റ് കളിക്കുന്ന ബ്രോഡിനെക്കൊണ്ട് പന്തെറിയിക്കുക എന്ന വികാരമല്ല കളി ജയിക്കുകയാണ് പ്രധാനമെന്നും കമന്റേറ്റര്‍മാര്‍ പറഞ്ഞു.

എന്നാല്‍ രണ്ട് പന്തുകള്‍ ടോഡ് മര്‍ഫിയുടെ ബാറ്റിനടത്തുകൂടെ ബീറ്റണായപ്പോള്‍ അടുത്ത പന്തെറിയും മുമ്പ് നോണ്‍ സ്ട്രൈക്കിംഗ് എന്ഡിലെ ബെയ്ല്‍സുകള്‍ ബ്രോഡ് പരസ്പരം മാറ്റവെച്ചു. തൊട്ടടുത്ത പന്തില്‍ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ബ്രോഡ് മര്‍ഫിയെ വിക്കറ്റിന് പിന്നില്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിക്കുകയും ചെയ്തു. പിന്നാലെ അലക്സ് ക്യാരിയെയും ബെയര്‍സ്റ്റോയുടെ കൈകകളിലേക്ക് പറഞ്ഞയച്ച് കരിയറിലെ അവസാന പന്തില്‍ വിക്കറ്റുമായി ബ്രോഡ് ഇംഗ്ലണ്ടിന് അവിസ്മരണീയ വിജയം സമ്മാനിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി.

Top