പഠിക്കാന്‍ പണമില്ലെങ്കില്‍ പണിക്ക് പോകൂ… മന്ത്രിയുടെ മറുപടി ചിത്രീകരിച്ച വിദ്യാര്‍ത്ഥിക്ക് അറസ്റ്റ്

മുംബൈ: കോളേജിലെ ചോദ്യോത്തരവേള മൊബൈലില്‍ പകര്‍ത്തിയത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസമന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് താവ്ഡേയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

അമരാവതിയിലെ ഒരു കോളേജില്‍ ഡിബേറ്റ് മത്സരത്തില്‍ പ്രധാന അതിഥിയായി എത്തിയതായിരുന്നു മന്ത്രി. ‘പഠനചെലവുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ?’ എന്നതായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. എന്നാല്‍ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പണിക്ക് പോയി പണം സമ്പാദിക്കാന്‍ നോക്കൂ എന്നായിരുന്നു മന്ത്രിയുടെ പറഞ്ഞ മറുപടി.

ഇത് ഒരു വിദ്യാര്‍ത്ഥി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥി ചിത്രീകരണം തുടര്‍ന്നു. ഇതില്‍ രോഷം പൂണ്ട മന്ത്രി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടു. പിന്നീട് ഒരുമണിക്കൂറോളം വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ വെക്കുകയും ദൃശ്യങ്ങല്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി.

Top