തൊപ്പി മാറ്റാന്‍ നിര്‍ദേശം നല്‍കി; പരീക്ഷാ ഹാളില്‍ അധ്യാപകനെ മുഖത്തടിച്ച് വീഴ്ത്തി വിദ്യാര്‍ത്ഥി

murder

പരവൂര്‍: എക്‌സാം ഹാളില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത അധ്യാപകന് ക്രൂര മര്‍ദ്ദനം. പൂതക്കുളം ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനില്‍കുമാറിനെയാണ് അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മര്‍ദ്ദിച്ചത്. തൊപ്പി മാറ്റാന്‍ ആവശ്യപ്പെട്ട അധ്യാപകന്റെ മുഖത്തടിച്ച് വീഴ്ത്തുകയും തലയ്ക്ക് ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് മോഡല്‍ പരീക്ഷയെഴുതാന്‍ വന്നതായിരുന്നു വിദ്യാര്‍ത്ഥി,തൊപ്പി ഊരി വച്ചിട്ട് പരീക്ഷയെഴുതാന്‍ അധ്യാപകന്‍ അനില്‍കുമാര്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായത്. കസേരയില്‍ വന്നിരുന്ന അധ്യാപകന്റെ മുന്നിലേക്ക് ഓടിവന്നായിരുന്നു ആക്രമണം. ഇടിയിലും ചവിട്ടിലും പരിക്കേറ്റ് രക്തം വാര്‍ന്ന അധ്യാപകന്‍ ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ സഹ അധ്യാപകര്‍ അനില്‍കുമാറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കിന്റെ ഗുരുതരാവസ്ഥ കണ്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അധ്യാപകനെ മര്‍ദ്ദിച്ചശേഷം ക്ലാസില്‍നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ പുറത്തുണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ഥികളാണ് ഓടിച്ചിട്ട് പിടികൂടി സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരവൂര്‍ പൊലീസ് എത്തി വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുത്തില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്ക് കൗണ്‍സിലിങ്ങിന് ഏല്‍പ്പിച്ചെന്നും പരവൂര്‍ എസ്.ഐ. അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.

Top