വര്‍ക്കല: വര്‍ക്കലയിലെ ഹെലിപ്പാഡിനു സമീപമുള്ള റിസോര്‍ട്ടില്‍ സഹപാഠികള്‍ക്കൊപ്പം താമസിച്ചു വന്ന തമിഴ്‌നാട് സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. തൂത്തുക്കുടി ദിണ്ടിഗല്‍ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ല്‍ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂര്‍ നെഹ്‌റു എയ്‌റോനോട്ടിക് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയുമായ ദഷ്രിത(21)യാണ് മരിച്ചത്.
നാല് ആണ്‍കുട്ടികളും ദഷ്രിതയടക്കം നാല് പെണ്‍കുട്ടികളും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. എല്ലാവരും എയ്‌റോനോട്ടിക് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ദഷ്രിതയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 20-നാണ് ദഷ്രിതയും ഒരു ആണ്‍കുട്ടിയും റിസോര്‍ട്ടിലെത്തിയത്.
മറ്റുള്ളവര്‍ 17 മുതല്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ബര്‍ത്ത് ഡേ പാര്‍ട്ടിക്കായി എത്തിയെന്നാണ് ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഏഴു പേരെയും പൊലീസ് നിരീക്ഷണത്തിലാക്കി. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ മൊഴികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഡി.ഐ.ജി. സഞ്ജയ് കുമാര്‍ ഗുരുഡിന്‍, റൂറല്‍ എസ്.പി. പി.കെ.മധു, വര്‍ക്കല ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ദഷ്രിതയുടെ മാതാപിതാക്കളെ പൊലീസ് വിവരമറിയിച്ചു. അവര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കും. ചൊവ്വാഴ്ച ഫൊറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കും. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെ മുറികള്‍ സീല്‍ചെയ്ത് പൊലീസ് നിരീക്ഷണത്തിലാക്കി.