കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊവിഡ്

കണ്ണൂര്‍: കണ്ണൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിയെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയില്‍ നിന്ന് തന്നെയാകാം എന്നാണ് സൂചന. പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

Top