ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ അയണ്‍ ടാബ്‌ലറ്റ് കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വാസിപൂറിലുള്ള സ്‌കൂളില്‍ നിന്നു നല്‍കിയ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായതായി രക്ഷിതാക്കള്‍ പറയുന്നു.
സര്‍വോദയ കന്യ വിദ്യാലയത്തിലാണ് കുട്ടി പഠിച്ചുകൊണ്ടിരുന്നത്. മെയ് നാലിന് മറ്റു കുട്ടികള്‍ക്കൊപ്പമാണ് കുട്ടിക്കും ഗുളിക നല്‍കിയതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നു. പിറ്റേദിവസം കുട്ടിക്ക് വയറു വേദന അനുഭവപ്പെടുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ട്രിപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് കുട്ടിയുടെ കൈകള്‍ക്ക് വീക്കം ഉണ്ടാവുകയും കുട്ടിയെ ഹിന്ദുറാവു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അയണ്‍ ഗുളികകള്‍ സാധാരണ സുരക്ഷിതമായവയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡല്‍ഹിയിലുടനീളമുള്ള എല്ലാ സ്‌കൂളികളിലേയും കുട്ടികള്‍ക്ക് ഗുളിക നല്‍കാറുണ്ടെന്നും ഇതുവരെ അപകടകരമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വിളര്‍ച്ചയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് സാധാരണയായി ഗുളിക നല്‍കാറുള്ളത്.
എന്നാല്‍ അയണ്‍ ഗുളികകള്‍ക്ക് ഒപ്പം നല്‍കുന്ന വിരയിളക്കാനുള്ള ഗുളികകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ഗുളിക കഴിച്ച ബിഹാര്‍, ഹരിയാന, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് അസ്വസ്ഥതയും, തലകറക്കവും വയറുവേദനയും അനുഭവപ്പെട്ടിരുന്നു.