കോട്ടയം: സംസ്ഥാന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാര്‍ഥിയുടെ തലയില്‍ ഹാമര്‍ വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. അലക്ഷ്യമായാണ് സംഘാര്‍ടകര്‍ മീറ്റ് സംഘടിപ്പിച്ചത്. ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആര്‍ഡിഒയുടെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് ഇന്ന് തന്നെ കളക്ടര്‍ക്ക് കൈമാറും.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആസില്‍ ജോണ്‍സനാണ് പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.വെള്ളിയാഴ്ച നടന്ന ഹാമര്‍ത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ച്, വൊളന്റിയറായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു. ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഹാമര്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞിരുന്നു. ഇതാണ് കുട്ടിയുടെ തലയില്‍വീണത്.
അപകടമുണ്ടായതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകള്‍ക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങള്‍പോലും തട്ടിക്കൂട്ടുതരത്തില്‍ നടത്തുന്നത് തടയണമെന്നും കായികതാരങ്ങള്‍ ആവശ്യപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഇന്നും നാളെയുമായി നടക്കാനിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചു.