ഹൂസ്റ്റണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രിത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കുമെന്നറിയിച്ച് നീഡ്വില്ലി ഇന്റിപെന്റഡ് സ്‌കൂള്‍ വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ട് കര്‍ട്ടിസ് റോഡിസ്. ഫ്‌ളോറിഡാ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പതിനേഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ ജില്ലയിലെ സൂപ്രണ്ട് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സ്‌കൂള്‍ സോഷ്യല്‍ മീഡിയാ സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് രക്ഷിതാക്കള്‍ക്ക് ലഭിച്ചു കഴിഞ്ഞു.
ഫ്‌ളോറിഡാ വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് 24ന് വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ഏപ്രില്‍ 24ന് രാജ്യവ്യാപകമായി നടത്തുന്ന സ്‌കൂള്‍ ബഹിഷ്‌കരണം തുടങ്ങിയ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കുക എന്നതാണ് സൂപ്രണ്ട് ലക്ഷ്യമിടുന്നത്. വിലക്ക് ലംഘിച്ച് പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.