ബിന്റോ ആത്മഹത്യ ചെയ്ത സംഭവം ; ജില്ലാ പൊലീസ് ന്യൂനപക്ഷ കമ്മീഷനു റിപ്പോര്‍ട്ട് നല്‍കും

Pampady-Cross-Roads-Public-School

കോട്ടയം: കൊടുങ്ങൂര്‍ പാമ്പാടി ക്രോസ്‌റോഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ബിന്റോ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പൊലീസ് ന്യൂനപക്ഷ കമ്മീഷനു ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ ഇന്ന് കമ്മീഷന്റെ സിറ്റിംഗ് കോട്ടയം കളക്‌ട്രേറ്റില്‍ നടക്കുന്നുണ്ട്. ഈ സിറ്റിംഗില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത ശേഷമാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്‍ അംഗം ബിന്ദു എം. തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഈപ്പന്‍ വര്‍ഗീസ് പൊലീസിന് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിന്റോയുടെ സഹപാഠികളില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

Top