കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അദ്ധ്യാപികമാരെ സസ്പെന്റ് ചെയ്തു.
കേസില്‍ പ്രതികളാക്കപ്പെട്ട ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അദ്ധ്യാപികമാരായ സിന്ധു, ക്രെസന്റ എന്നവരെയാണ് പുറത്താക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്ത് ഉണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം, കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സിന്ധു, ക്രെസന്റ എന്നിവര്‍ ഗൗരി നേഹയെ മാനസികമായി തളര്‍ത്തുന്ന വിധം ശകാരിച്ചതിനെ തുടര്‍ന്ന് കുട്ടി കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിപ്പോവുകയും അവിടെ നിന്നു താഴേക്ക് ചാടുകയുമായിരുന്നു.
വഴക്ക് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനിപ്പോള്‍ ചാടിച്ചാവും എന്ന് പറഞ്ഞാണ് ഗൗരി നേഹ ഇറങ്ങിയതെങ്കിലും ടീച്ചര്‍മാര്‍ അത് ഗൗരവമായെടുക്കുകയോ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ഗൗരി നേഹയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.