നവി മുംബൈ: സഹപാഠിയെ ഭീഷണിപ്പെടുത്തി പണവും മറ്റ് വസ്തുക്കളും കവര്‍ന്ന ഒമ്പതാം ക്ലാസ് വിദ്യര്‍ത്ഥി പിടിയില്‍. നവിം മുംബൈയിലെ കമോത്തെ എന്ന സ്ഥലത്താണ് സംഭവം. കഴിഞ്ഞ 18 മാസങ്ങളായി പണവും വസ്തുക്കളുമടക്കം മൂന്ന് ലക്ഷം രൂപ കവര്‍ന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. സംഭവം പുറത്തുപറഞ്ഞാല്‍ സഹപാഠിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നന്നേ ക്ഷീണിച്ചതിനെ തുടര്‍ന്ന് അവശനായ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഫോണില്‍ വിളിച്ച് ജോലി കഴിഞ്ഞോ എന്ന സഹപാഠികള്‍ ചോദിച്ചിരുന്നു. സംശയം തോന്നിയ അമ്മ കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. പിറ്റേദിവസം കുട്ടിയുടെ പിതാവ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പഴ്‌സും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സത്യങ്ങള്‍ വെളിപ്പെട്ടത്.
പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 10 ദിവസത്തിനിടെ സഹപാഠികള്‍ തന്റെ പക്കല്‍നിന്ന് 70000 രൂപ മോഷ്ടിച്ചതായി കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു. തുടര്‍ന്ന് ആരോപണ വിധേയരായ കുട്ടികളെയും മാതാപിതാക്കളെയും പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തി. ആരോപണ വിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് ഇവരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 2.5 ലക്ഷം രൂപ, 30000 രൂപയുടെ സ്വര്‍ണമാല, 10000 രൂപയുടെ ഫോണ്‍ എന്നിവയാണ് മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു.