ന്യൂഡല്‍ഹി : രാജസ്ഥാനിലെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം. 40ലേറെ സ്വകാര്യ കോളേജുകളും 10ലേറെ സര്‍ക്കാര്‍ കോളേജുകളിലും എസ്എഫ്ഐ പ്രതിനിധികള്‍ വിജയം നേടി.
രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ പിന്തുണയില്‍ മത്സരിച്ച വിനോദ് ഝഖാദ് ജയിച്ചു. എബിവിപി സ്ഥാനാര്‍ഥിയെ 1,860 വോട്ടുകള്‍ക്കാണ് വിനോദ് ഝഖാദ് പരാജയപ്പെടുത്തിയത്.
സ്വതന്ത്ര സ്ഥാനാര്‍ഥികളായ രേണു ചൗധരി, ആദിത്യ പ്രതാപ് സിങ് എന്നിവര്‍ യഥാക്രമം വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ച മീനാല്‍ ശര്‍മയാണ് എബിവിപിയുടെ ഏകപ്രതിനിധി. ബിക്കാനീര്‍ സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റായി എസ്എഫ്ഐ സ്ഥാനാര്‍ഥി രാഹുല്‍ ശര്‍മ ജയിച്ചു. 53 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം.
ഹനുമാന്‍ഗഢിലെ എന്‍എംപിജി സര്‍ക്കാര്‍ കോജേളിലും എന്‍ബിഡി സര്‍ക്കാര്‍ കോജേളിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. യഥാക്രമം രാജു ഖാന്‍, സര്‍ജിത് ബെനിവാല്‍ എന്നിവരാണ് ജയിച്ചത്. ഇവിടെ ആറ് സ്വകാര്യ കോജേളുകളിലും എസ്എഫ്ഐ വിജയം നേടി. ഝുഝുനുവിലെ മൊറാര്‍ക്ക സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പങ്കജ് ഗുജാര്‍ ജയിച്ചു.
ജോഥ്പൂരിലെ ഫാലോഡി സര്‍ക്കാര്‍ കോജേളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സോഹന്‍ ലാല്‍ ബിഷ്ണോയ് ജയിച്ചു. ചുരു ജില്ലയിലെ കോജേളുകളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള സൂരജ് സങ്കല്‍പ്പ് യാത്ര കടന്നുപോകുന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചത്.
അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ കര്‍ഷക സമരത്തെ തുടര്‍ന്ന് ശ്രദ്ധാകേന്ദ്രമായിമാറിയ സിക്കറിലെ എസ് കെ കൊമേഴ്സ് കോളേജ്, എസ് കെ സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എല്ലാ സ്ഥാനത്തേക്കും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ് കെ ആര്‍ട്സ് കോളേജില്‍ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ വിജയിച്ചു.