കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എന്‍ഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ ആന്ധ്രാ സ്വദേശിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹപാഠികള്‍ ആരോപിച്ചു.
ചാത്തമംഗലം എന്‍ഐടിയിലെ ഒന്നാം വര്‍ഷ ബിടെക് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗൊല്ല രാമകൃഷ്ണ പ്രസാദിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ ദുര്‍ഗി മണ്ഡലം സ്വദേശിയാണ് മരിച്ച വിദ്യാര്‍ഥി.
രാവിലെ 11 മണിയോടെ ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോര്‍ത്ത് മുണ്ടിലാണ് തൂങ്ങിയത്. രാവിലെ 7.30 വരെ ഹോസ്റ്റല്‍ മുറിയില്‍ രാമകൃഷ്ണ പ്രസാദിനൊപ്പം മറ്റ് വിദ്യാര്‍ഥികളുമുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹപാഠികള്‍ രംഗത്തെത്തി.
ഈ മാസം 26 നാണ് രാമകൃഷ്ണ പ്രസാദ് എന്‍ഐടിയില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ക്ലാസില്‍ പോയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.