കൊല്ലം എസ്എന്‍ കോളേജില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം എസ്എന്‍ കോളേജില്‍ രണ്ട് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് ആക്രമിച്ചതെന്നാണ് വിവരം.

കോളേജിലെ മൂന്നാംവര്‍ഷ ഹിസ്‌റ്ററി വിദ്യാര്‍ത്ഥി സച്ചിന്‍ (20), മൂന്നാംവര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി ബിപിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സച്ചിന്റെ തലയ്‌ക്ക് സാരമായി പരിക്കേറ്റു.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൂന്നംഗംസംഘം ഓട്ടോറിക്ഷയില്‍ ക്യാമ്പസിലെത്തി അക്രമം നടത്തിയത്. ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പുറത്ത് നിന്ന് ഗുണ്ടാ സംഘമെത്തിയത്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണ് അക്രമി സംഘത്തെ വിളിച്ചു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിലൊരാളെ കോളേജ് പരിസരത്ത് നിന്ന് മറ്റൊരാളെ എസ്.എം.പി പാലസ് പരിസരത്ത് നിന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ഓട്ടോറിക്ഷയുടെ ചില്ല് വിദ്യാര്‍ത്ഥികള്‍ തല്ലി തകര്‍ത്തു.

Top