അഹമ്മദാബാദ്: വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഗുജറാത്തിലെ എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റുകള്‍.
ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ മനദണ്ഡ പ്രകാരം വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ പൂട്ടല്‍ ഭീഷണി നേരിടുന്ന കോളേജുകളാണ് വന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
എഐസിടിഇ കണക്ക് പ്രകാരം 3,291 കോളേജുകളിലായി 15.5 ലക്ഷം സീറ്റുകളാണ് വിവിധ എന്‍ജിനിയറിങ് കോഴ്‌സുകളിലായി രാജ്യത്ത് ഉള്ളത്. 2016-17,2015-16 അധ്യയന വര്‍ഷങ്ങളില്‍ ഇതില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്.
ഗുജറാത്തിലെ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ വര്‍ഷത്തെ ആദ്യഘട്ട പ്രവേശനം കഴിഞ്ഞപ്പോള്‍ 55,422 സീറ്റുകളില്‍ 34,642 സീറ്റുകളും ഒഴിഞ്ഞാണ് കിടക്കുന്നത്. കോളേജുകളുടെ ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് സ്‌കോളര്‍ഷിപ്പെന്ന പേരില്‍ ഫീസിളവ്, ആദ്യ സെമസ്റ്ററിലെ ഫീസ് പൂര്‍ണമായും ഒഴിവാക്കല്‍, സൗജന്യ ലാപ്‌ടോപ്, പകുതി നിരക്കില്‍ ഹോസ്റ്റല്‍, യാത്രാ സൗകര്യം എന്നിവ നല്‍കാന്‍ കോളേജുകള്‍ തയ്യാറായിരിക്കുന്നത്.
ഒറ്റത്തവണയായി ഫീസടക്കുന്നവര്‍ക്ക് കോഴ്‌സ് അവസാനിക്കുമ്പോള്‍ ടൂവീലര്‍ തുടങ്ങി മറ്റ് ഓഫറുകളും കോളേജുകള്‍ നല്‍കുമെന്നാണ് പറയുന്നത്. കൂടാതെ വാര്‍ഷിക ഫീസായി 2500 രൂപമാത്രമാണ് ഗുജറാത്തിലെ ഒരു കോളേജ് ഈടാക്കുന്നത്. ചില കോളേജുകള്‍ വിദ്യാര്‍ഥികളെ കൊണ്ടു വരുന്ന ഏജന്റുമാര്‍ക്ക് ഒരുകുട്ടിക്ക് 10,000 രൂപവരെ കൊടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.