കൊടുങ്ങല്ലൂര്‍: വിപ്ലവനക്ഷത്രം ചെഗുവേരയും സംഘികളുടെ എതിരാളി. ചെഗുവേരയുടെ ചിത്രം വരച്ചതിന് ചിത്രകാരിയായ വിദ്യാര്‍ത്ഥിനിയെ എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്ത ചിത്രകാരനായ വിദ്യാര്‍ത്ഥിയെ പുറത്തുനിന്നെത്തിയ ബിജെപിക്കാരുടെ സഹായത്തോടെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
എടവിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച സാഹിതീയം ക്യാമ്പിനിടെയാണ് സംഭവം.
എബിവിപിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പനങ്ങാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വെമ്പലൂര്‍ വേക്കോട് പൊയ്യാറ സുനില്‍കുമാറിന്റെ മകന്‍ സുമിത്തിനെ (17) കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താംക്ലാസുകാരി അഞ്ജിത വരച്ച ചെഗുവേരയുടെ ചിത്രം പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് പ്രകോപിതരായാണ് എബിവിപിക്കാര്‍ അഞ്ജിതയെ അധിക്ഷേപിച്ച് ഭീഷണിപ്പെടുത്തിയത്.
ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത ചിത്രകാരനായ സുമിത്ത്, എബിവിപിക്കാര്‍ അഞ്ജിതയെ അസഭ്യവാക്കുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് ഇവര്‍ സുമിത്തിനെ ആക്രമിച്ചത്.
വൈകിട്ട് നാലോടെ സുമിത്തും കൂട്ടുകാരനും വീട്ടിലേക്ക് പോകാന്‍ സ്‌കൂളിന് പുറത്തെത്തിയതോടെയാണ് സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ ആക്രമിച്ചത്.
സുമിത്തിനെ തലങ്ങും വിലങ്ങും അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇരുചെവികളിലും ആഞ്ഞടിച്ചു.
ഒച്ചവെച്ച് കരഞ്ഞതോടെ അധ്യാപകര്‍ ഓടിയെത്തിയപ്പോള്‍ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.