students missing unexpected floods in kozhikode

കോഴിക്കോട് :പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് രാവിലെയാണ് കക്കുഴിയുള്ള പറമ്പത്ത് സജിന്റെ മൃതദേഹം കണ്ടെത്തിയത്. മാവട്ടം ഭാഗത്തുനിന്നാണ് സജിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി വൈകി കോതോട് പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.

അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ബാക്കിയുള്ള മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നു.പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി.

വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കുട്ടിക്കുന്നുമ്മല്‍ വിനീഷ്, പാറയുള്ള പറമ്പത്ത് അമല്‍, പാറയുള്ള പറമ്പത്ത് ജിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്. കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്.

നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതിനു തൊട്ടു താഴെ നിന്നാണ് രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷപ്പെട്ട മൂന്നുപേരെയും രാത്രി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തിലെ നൈനാന്‍പാടി പുഴയില്‍ നിന്നാണു മലവെള്ളപ്പാച്ചിലുണ്ടായത്. കടന്തറ പുഴയും ഇല്യാനി പുറയും സംഗമിക്കുന്ന വെള്ളച്ചാട്ടവും തടാകവുമുള്ള ഇവിടെ കുളിക്കുന്നതിനിടയിലാണു വെള്ളപ്പാച്ചില്‍. 2006-ല്‍ ഉരുള്‍പൊട്ടലുണ്ടായതും ഈ ഭാഗത്താണ്.

Top