സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലീം അധ്യാപകന്‍; വീണ്ടും പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍

വാരാണസി: മുസ്ലീം അസിസ്റ്റന്റ് പ്രൊഫസറെ സംസ്‌കൃത വിഭാഗത്തില്‍ നിയമിച്ചതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം രണ്ടാം ആഴ്ചയിലേക്ക്. നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സംസ്‌കൃത ഡിപ്പാര്‍ട്ട്മെന്റില്‍ സംസ്‌കൃത് വിദ്യാ ധര്‍മ വിജ്ഞാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.

ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറുടെ ഓഫിസിനു മുന്നില്‍ സംസ്‌കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാര്‍ഥികളാണ് 12 ദിവസമായി സമരം നടത്തുന്നത്. ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ ഭാഗമായി സ്‌തോത്ര ആലാപനവും യജ്ഞവും നടക്കുന്നുണ്ട്.

‘പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധം.പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിലാണ് ഞങ്ങള്‍ക്ക് അമ്പരപ്പെന്ന് സമരക്കാരില്‍ ഒരാളായ കൃഷന്‍ കുമാര്‍ പറഞ്ഞു.’ഇതൊരു സാധാരണ ഡിപ്പാര്‍ട്ട്‌മെന്റ് അല്ല. സംസ്‌കൃത വിദ്യ ധര്‍മ വിജ്ഞാന്‍ (എസ്വിഡിവി) വിഭാഗത്തില്‍ നിന്നു വെറും ഭാഷ മാത്രമല്ല പഠിക്കുന്നത്, നമ്മുടെ സംസ്‌കാരം കൂടിയാണ്. അദ്ദേഹത്തിനു പഠിപ്പിക്കണം എന്നുണ്ടെങ്കില്‍ സംസ്‌കൃത വിഭാഗത്തിലേക്കു പോകാം. എന്നാല്‍ ഇവിടെ അനുവദിക്കില്ല.’ കൃഷന്‍ വ്യക്തമാക്കി.

ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പാലിച്ചാണു നിയമിച്ചതെന്നുമാണു സര്‍വകലാശാല അധികൃതരുടെ നിലപാട്. ‘വിദ്യാര്‍ഥികള്‍ പറയുന്നു, ഫിറോസ് ഖാന്റെ നിയമനം എസ്.വി.ഡി.വിയുടെ സംസ്‌കാരത്തിനു യോജിച്ചതല്ലെന്ന്. ഭരണഘടനയ്ക്കും സര്‍വകലാശാലാ നിയമങ്ങള്‍ക്കും അനുസരിച്ചാണു ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയാറാണ്’ ബിഎച്ച്യു ചീഫ് പ്രോക്ടര്‍ ഒ.പി.റായ് വ്യക്തമാക്കി.

പാരമ്പര്യ ഇന്ത്യന്‍ ശാസ്ത്രം, സംസ്‌കൃതം, സാഹിത്യം എന്നിവയുടെ സംരക്ഷണത്തിനും പഠനത്തിനുമായി 1918ല്‍ ആണ് എസ്വിഡിവി ആരംഭിച്ചത്. സംസ്‌കൃതത്തിനു വേറെ വകുപ്പുണ്ട്.

Top