ബ്ലൂ വെയില്‍ കൊച്ചിയെയും വിഴുങ്ങുമോ ? വിദ്യാര്‍ഥികള്‍ ഗെയിം കളിക്കുന്നതായി റിപ്പോര്‍ട്ട് !

കൊച്ചി: പറവൂരിലെ ഒരു കോളേജില്‍ വിദ്യാര്‍ഥികള്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുന്നതായി റിപ്പോര്‍ട്ട്.

ബികോം വിദ്യാര്‍ഥിയാണ് കൂട്ടുകാര്‍ ഗെയിം കളിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തലോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്.

അതേസമയം, ബ്ലൂ വെയ്ല്‍ ചലഞ്ച് ഗെയിമിന് അടിമപ്പെട്ട് കേരളത്തില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടിനു പിന്നാലെ കണ്ണൂരില്‍നിന്നാണ് മറ്റൊരു ആത്മഹത്യാ വിവരം പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം മേയില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് മരിച്ച മനോജിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സാവന്തിന്റെ മരണത്തിലും സംശയം ഉയര്‍ത്തിയത്. രാത്രി മുഴുവന്‍ സാവന്ത് ഫോണില്‍ കളിക്കുകയായിരുന്നു. ബ്ലൂ വെയ്ല്‍ പോലുള്ള ഗെയിമാണ് മകന്‍ കളിച്ചിരുന്നതെന്നും സാവന്തിന്റെ അമ്മ പറയുന്നു.

രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്കു പുറത്തുപോയാല്‍ പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നത്.

ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. രാത്രിയില്‍ ഇടയ്ക്ക് പോയി നോക്കുന്നതിനുള്ള ബുദ്ധിമുട്ടുകാരണം മൂന്നു മാസം മുന്‍പ് വരെ തനിക്കൊപ്പമായിരുന്നു മകനെ കിടത്തിയിരുന്നതെന്നും അമ്മ പറയുന്നു.

കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കിയത് മാനസിക സമ്മര്‍ദം മൂലമെന്നാണ് കരുതിയത്. ശരീരത്തില്‍ അക്ഷരങ്ങള്‍ കോറിയിടുന്ന ശീലത്തിലേക്ക് പിന്നീട് മാറി. കൈ മുറിച്ചതിനെ തുടര്‍ന്ന് ഒരു തവണ സ്റ്റിച്ച് ഇടേണ്ടിവന്നു.

നെഞ്ചത്ത് എസ്എഐയെന്നും എഴുതിയിരുന്നു. കോമ്പസുകൊണ്ട് കുത്തിയാണ് അതെഴുതിയിരുന്നത്. മൂന്നുമാസം മുന്‍പ് ബ്ലേഡുകൊണ്ടും കൈയില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സാവന്തിന് മാനസിക പ്രശ്‌നമാണെന്നാണ് കരുതിയതെന്നും അവര്‍ പറയുന്നു.

ഒരു തവണ കാണാതായപ്പോള്‍ തലശേരി കടല്‍പ്പാലത്തില്‍നിന്നാണ് കണ്ടെത്തിയത്. അപ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗും പുസ്തകങ്ങളുമെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. അതുപോലെ കല്യാണത്തിനാണെന്നു പറഞ്ഞിറങ്ങിയിട്ട് വിവാഹവീട്ടില്‍ എത്താതിരിക്കുന്ന സാഹര്യവും ഒരിക്കലുണ്ടായി.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജിന്റെ വാര്‍ത്ത പുറത്തുവന്നതോടെ മകന്റെ മരണത്തിലും സംശയം തോന്നുകയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ പറഞ്ഞു.

Top