രാജ്യത്തിന് തന്നെ മാതൃകയാണ് ഇന്ന് കേരളം തുടക്കമിട്ട സ്റ്റുഡന്റ് പൊലീസ് സംവിധാനം. പി.വിജയന്‍ എന്ന ഐ.പി.എസ് ഓഫീസറുടെ ആശയം ആദ്യം കേട്ടപ്പോള്‍ നെറ്റി ചുളിച്ച ഉന്നതര്‍ അടക്കം ഇന്ന് ഈ പദ്ധതിയുടെ വിജയം കണ്ട് അന്തം വിട്ട് നില്‍ക്കുകയാണ്.
കേരളത്തിന്റെ മഹത്തായ ഈ മാതൃക രാജ്യവ്യാപകമായി നടപ്പാക്കുന്നതോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് നമ്മുടെ കൊച്ചു കേരളമാണ്. കേസന്വേഷണത്തില്‍ മാത്രമല്ല, കര്‍മനിരതമായ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിലും മഹത്തായ സംഭാവനയാണ് കേരള പൊലീസ് രാജ്യത്തിന് നല്‍കി വരുന്നത്. കേരള മാതൃക പിന്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളും സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കാന്‍ മുന്നോട്ട് വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ പദ്ധതി രാജ്യവ്യാപകമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നത്.
രാജ്യത്തിന്റെ യുവതലമുറയെ ഏറ്റവും ശ്രേഷ്ഠമായ നേതൃനിരയിലേയ്ക്ക് ഉയര്‍ത്തുന്നതിന് എസ്.പി.സി പദ്ധതി വഹിക്കുന്ന പങ്കിനെ തിരിച്ചറിഞ്ഞ് രാജ്യത്തുടനീളം പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടികളുടെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ 2018 ജൂലൈയിലാണ് നടത്തിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗുരുഗ്രാമിലെ താവൂദേവിലാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന് സ്റ്റുഡന്റ്‌കേഡറ്റ് പതാക ഹരിയാന ഡിജിപി ബി എസ് സന്ധുവാണ് കൈമാറിയിരുന്നത്. കേരളത്തില്‍നിന്ന് ഐജി പി വിജയന്റെ നേതൃത്വത്തിലുള്ള 20 കേഡറ്റുകളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം ഈ അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സഹായം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റുഡന്റ് പോലീസ് ടീം.
അച്ചടക്കവും, പൗരബോധവും സഹാനുഭൂതിയുമുള്ള, രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുകയും ഉത്തരവാദിത്വബോധത്തോടെ അനുസരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയുടെ സൃഷ്ടിക്കായി 2010 ല്‍ തുടക്കം കുറിച്ച നവീന മാതൃകയിലുള്ള പരിശീലന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.
ഗതാഗതനിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്റ്റുഡന്റ്‌കേഡറ്റ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ പങ്കാളികളായതോടെയാണ് പദ്ധതി ദേശീയശ്രദ്ധ തന്നെ ആകര്‍ഷിക്കുന്നത്. പിന്നീടാണ് രാജ്യം സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി ഏറ്റെടുക്കുന്നത്. സൂപ്പര്‍ഹിറ്റായ ഈ പദ്ധതി ലഭിക്കുന്നതിനായി നിരവധി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളടക്കം ഇപ്പോഴും ക്യൂവില്‍ തന്നെയാണ്. സ്‌കൂളിന്റെ അന്തസ്സിനും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മാനേജ്‌മെന്റുകള്‍. എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചെയ്ഞ്ച് ലീഡേഴ്‌സ് മീറ്റ് ഇത്തവണ മാര്‍ച്ച് 31നാണ് തിരുവനന്തപുരത്ത് തുടക്കമായിരിക്കുന്നത്.
600 ഓളം കേഡറ്റുകള്‍ പങ്കെടുക്കുന്ന യുവ നേതൃ സംഗമമാണ് ലീഡേഴ്‌സ് മീറ്റ്. ഏപ്രില്‍ 7-ാം തീയതി വരെ നീളുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ മേഖലയിലുള്ള ഉദ്യോഗസ്ഥര്‍, കലാകായികശാസ്ത്ര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
വ്യക്തിത്വ വികസനം, നേതൃപാടവം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കും. ക്വിസ് മത്സരങ്ങള്‍, ഫീല്‍ഡ് വിസിറ്റ് തുടങ്ങി ആകര്‍ഷകമായ സെഷനുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും തുല്യ പങ്കാളിത്വത്തില്‍ കേരളത്തിലെ തെരഞ്ഞെടുത്ത 650 ഓളം സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന എസ്പിസി പദ്ധതിയില്‍ 55,000ത്തോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ചിട്ടയായ പരിശീലനം നടത്തി വരുന്നത്. കെ.പി.എം.ജി പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും, എസ്സിഇആര്‍റ്റി കേരള, സീമാറ്റ് കേരള, കേരള പ്ലാനിങ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ മഹത്വവും ഇംപാക്ടും അക്കമിട്ട് നിരത്തുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളിലും, അവരുടെ രക്ഷിതാക്കളിലും, അധ്യാപകരിലും, വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഒട്ടാകെയും, സ്‌കൂള്‍ അന്തരീക്ഷത്തില്‍ പൊതുവിലും, പോലീസ് സേനാംഗങ്ങളിലും ചുരുങ്ങിയ കാലയളവില്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നാണ് കണ്ടെത്തല്‍.