ബത്തേരി: ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് വിദ്യാലയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സര്‍വജന സ്‌കൂളില്‍ കുട്ടികളുടെ ഉപരോധം തുടരുകയാണ്. അധ്യാപകരും പിടിഎ പ്രതിനിധികളും ചേര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. അതേസമയം വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ട പിടിഎ സ്‌കൂളിനുള്ളില്‍ കയറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കുട്ടികള്‍ പറയുന്നു.
ഷെഹലയുടെ ചിത്രം പതിപ്പിച്ച പ്ലക്കാര്‍ഡുകളുമായാണ് കുട്ടികളുടെ ഉപരോധം നടത്തുന്നത്. സസ്‌പെന്‍ഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസില്‍ പെട്ട നാല് പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുട്ടികള്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാള്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങുകയായിരുന്നു. ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.