കൊച്ചി: സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് ആഭ്യന്തര വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് ചോദിച്ചെങ്കിലും വിദ്യാര്‍ത്ഥി സമരങ്ങളില്‍ സ്വീകരിച്ച നടപടികളെകുറിച്ചുള്ള സത്യവാങ്മൂലമാണ് ആഭ്യന്തര വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്‌നിക് ആക്രമണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ എന്ത് നടപടിയുണ്ടായെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.കൊടിയുടെ നിറം നോക്കിയാണോ പൊലീസ് നടപടിയെടുക്കുന്നതെന്ന രൂക്ഷമായി വിമര്‍ശനവും കോടതി ഉന്നയിച്ചു.
ഒരാഴ്ചക്കകം എന്ത് നടപടി എടുത്തു എന്ന് കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
അമിതഫീസ് ഈടാക്കുന്നതായി ആരോപിച്ച് കെ.എം.സി.ടി കോളജില്‍ വിദ്യാര്‍ത്ഥികള്‍ ജനുവരി 13 ന് നടത്തിയ സമരം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ കോളേജിലെ മൂന്ന് ബസുകളും പ്രിന്‍സിപ്പലിന്റെ കാറുമുള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ജനല്‍ച്ചില്ലുകളും വാതിലുകളും സി.സി.ടി.വി. കാമറകളും വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തിരുന്നു.