ഒരു തുള്ളി വെള്ളമെങ്കിലും എത്തിക്കൂ; കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു..

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നത് 700ല്‍ അധികം പേരാണ്. കൈക്കുഞ്ഞുങ്ങളും ഗര്‍ഭിണികളും രോഗികളുമടക്കം ഈ കൂട്ടത്തില്‍ ഉണ്ട്. രണ്ട് ദിവസമായി നിരന്തരം സര്‍ക്കാര്‍ സംവിധാനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും ബന്ധപ്പെട്ടിട്ടും ഒരു സഹായവും എത്തിയിട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു.

തൈപ്പട്ടൂര്‍, കൊറ്റമം, കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഒരു തുള്ളി വെള്ളമെങ്കിലും എത്തിക്കൂ എന്നവര്‍ വിളിച്ച് പറയുന്നുണ്ട്. അവിടെയും കുട്ടികളും പ്രായമായവരും രോഗബാധിതരുമുണ്ട്. നേവിയോ എയര്‍ഫോഴ്‌സോ മറ്റ് രക്ഷാപ്രവര്‍ത്തകരോ ഇവിടെ എത്തിയിട്ടില്ല.

യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ സുരക്ഷിതരാണ്, ജീവന് സുരക്ഷിതത്വമുണ്ട്. ഭക്ഷണം സ്വയം പാചകം ചെയ്താണ് കഴിയുന്നത്. ഇന്നത്തോടെ ഭക്ഷണ സാധനങ്ങള്‍ തീരും. കുടിവെള്ളവും ഭക്ഷണവുമില്ലാതെ എല്ലാവരും കഷ്ടപ്പെടുകയാണ്. റോഡിലടക്കം അടിയൊഴുക്കുള്ള വെള്ളമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമല്ല. അത്യാവശ്യമായി വേണ്ടത് ഭക്ഷണം, കുടിവെള്ളം, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ അടിയന്തിരമായി എത്തിക്കുകയാണ്.

അതേസമയം, കാലടിയില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ പുറത്തെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാലടി ചൊവ്വരയില്‍ പള്ളിയില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തി. നിരവധി പേരാണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്.

Top