വള്ളത്തോള്‍ നഗര്‍: വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കലാമണ്ഡലം അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കലാമണ്ഡലം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് വിദ്യാര്‍ത്ഥി സമരത്തിന് കാരണം. അധ്യാപകരും ജീവനക്കാരും തമ്മിലുള്ള വഴക്കാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പരാതിക്കു പിന്നിലെന്നാണ് ആരോപണം.
ഇന്നു വൈകിട്ടോടെ ഹോസ്റ്റല്‍ ഒഴിയണമെന്നു വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ കേളികൊട്ടിയാണ് സമരം ആരംഭിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ് ബഹിഷ്‌കരിച്ച് ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.
കഥകളി വിദ്യാര്‍ഥികള്‍ ചൊല്ലിയാട്ടം വാദ്യ ഉപകരണങ്ങളും കളരിയിലെ വസ്ത്രങ്ങളുമണിഞ്ഞ് കളിയരങ്ങാക്കി സമരത്തെ മാറ്റി. സമരം പുരോഗമിക്കുന്നതിനിടെ ചര്‍ച്ചയ്ക്കുപോലും തയാറാകാതെ കലാമണ്ഡലം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കലാമണ്ഡലവും ഹോസ്റ്റലും അടച്ചാല്‍ സമരം പൊളിക്കാമെന്നാണ് അധികൃതരുടെ പദ്ധതി. എന്നാല്‍, സമരവുമായി മുന്നോട്ടു പോകാന്‍തന്നെയാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
അതേസമയം വിദ്യാര്‍ഥികള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും എന്തു കാരണത്തിനാണ് സമരം നടത്തുന്നത് എന്നറിയില്ലെന്നും രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍ അഭിപ്രായപ്പെട്ടു.