ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും താന്‍ അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നും എന്നാല്‍ തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ഇതുവരെ ചര്‍ച്ച ചെയ്യാന്‍ വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍. നേരത്തെ ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നാണ് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചത്.
അതേസമയം ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയായിരുന്നു സംഭവം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു.