ചര്‍ച്ചയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ മടക്കി അയച്ചു; അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു

കോട്ടയം: വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാര്‍ച്ചുകളാണ് ഉള്ളത്. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും.

വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷമുണ്ടായി. മതില്‍ ചാടി അകത്തുകടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു.

ഇതിനിടെ വിദ്യാര്‍ത്ഥി സമരം മൂലം അന്വേഷണം നടത്താന്‍ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോള്‍ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം.

ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹോസ്റ്റല്‍ ഒഴിയില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടന്നിരുന്നു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഇന്നലെ വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്‌മെന്റ് ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം.

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് അമര്‍ഷമുണ്ട്.

കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് ദൃക്സാക്ഷി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. കോളജ് അധികൃതര്‍ ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റര്‍മാര്‍ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നല്‍കിയത്. പിന്നീട്, സിസ്റ്റര്‍മാര്‍ റൂമിലൂടെ വേഗത്തില്‍ പോകുന്നതാണ് കണ്ടത്. പിന്നീട്, ഞങ്ങളെ ആ റൂമില്‍ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റര്‍മാര്‍ പരസ്പരം ആംഗ്യം കാണിച്ചു. തുടര്‍ന്ന്, മൃതഹേഹം മോര്‍ച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്സാക്ഷി വ്യക്തമാക്കി.

 

 

Top