കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും കോവിഡ് വന്നാല്‍ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകുമെന്ന് പഠനം

വാഷിങ്ടന്‍: കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും കോവിഡിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തിയുണ്ടാകുമെന്ന് പഠനം. കോവിഡ് വന്നയാളുടെ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധമെന്ന നിലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ വീണ്ടും രോഗം വരുന്നതിനെ ചെറുക്കുമെന്നാണ് പഠനം പറയുന്നത്. യുഎസിലെ സിയാറ്റിലില്‍ മീന്‍പിടിത്ത കപ്പലിലുണ്ടായ കോവിഡ് വ്യാപനത്തെ, നേരത്തെ രോഗമുക്തരായ മൂന്ന് പേര്‍ അതിജീവിച്ചതാണ് പഠനത്തില്‍ നിര്‍ണായകമായത്.

കോവിഡിനെതിരെ ആന്റിബോഡികള്‍ ശരീരത്തില്‍ ഉള്ളവര്‍ക്ക് വീണ്ടും രോഗബാധയേല്‍ക്കില്ല എന്നതിന്റെ ആദ്യ സ്ഥിരീകരണമായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെട്ടു. 18 ദിവസം കടലില്‍ കഴിഞ്ഞ മീന്‍പിടിത്ത കപ്പലിലെ 122 ജീവനക്കാരില്‍ 104 പേര്‍ക്കുമുണ്ടായ കോവിഡ് ബാധയുടെ ഉറവിടം ഒന്നുതന്നെയാണെന്ന് കണ്ടെത്തി. ആന്റിബോഡി (സീറോളജിക്കല്‍, ആര്‍ടിപിസിആര്‍ (Real Time Polymerase Chain Reaction) തുടങ്ങിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കോവിഡിനെ മനുഷ്യര്‍ അതിജീവിക്കുന്നത് ശരീരത്തിലെ ആന്റിബോഡികളും ടികോശങ്ങളും വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതിനാലാണ്.

ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് വൈറസ് അണുബാധയ്ക്കെതിരെ ശരീരം പ്രതിരോധശേഷി കൈവരിച്ചു എന്നതാണ്. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്‍് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗ്രെനിങര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പഠനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വാഷിങ്ടന്‍ സര്‍വകലാശാല, സിയാറ്റിലെ ഫ്രഡ് ഹച്ച് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരുടേതാണ് പഠനം.

കോവിഡ് ബാധ തടയാന്‍ ആന്റിബോഡികള്‍ ഏറെ ഫലപ്രദമാണെന്നു തെളിയിക്കാന്‍ കഴിഞ്ഞതാണ് പഠനത്തിന്റെ പ്രധാന നേട്ടം. തുടര്‍ച്ചയായ 50 ദിവസമാണ് പരിശോധനകള്‍ നടന്നത്. 104 പേരിലാണ് ആര്‍ടി-പിസിആര്‍ പോസിറ്റീവ് വൈറല്‍ ടെസ്റ്റ് നടത്തിയത്. മൂന്ന് ജീവനക്കാര്‍ക്കു മാത്രമായിരുന്നു പോസിറ്റീവായിരുന്നത്. ഇവര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. 39 ജീനോമുകളുടെ ജീനോമിക് വിശകലനവും ഗവേഷകര്‍ നടത്തിയിരുന്നു.

ഇതിലൂടെയാണ് കോവിഡിന്റെ സ്രോതസ് കണ്ടെത്തിയത്. കപ്പലില്‍ ഉണ്ടായിരുന്ന 120 പേരില്‍ 18 പേര്‍ക്ക് കോവിഡ് ബാധിച്ചതേയില്ല. ആന്റിബോഡികള്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും കണ്ടെത്തി. പ്രാരംഭഘട്ടത്തിലെ സീറോളജിക്കല്‍ സാംപിളില്‍ ആറു പേരില്‍ ആന്റിബോഡികളുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടാംഘട്ട പരിശോധനയില്‍ അത് മൂന്നു പേരില്‍ മാത്രമായി ചുരുങ്ങി. മൂന്നു വ്യക്തികളില്‍ പ്രാരംഭ സീറോളജിക്കല്‍ സ്‌ക്രീനിങ്ങില്‍ തെറ്റായ പോസിറ്റീവ് ഫലമാണ് കാണിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

Top