കൊറോണ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിലും രോഗാണുക്കള്‍ ഉണ്ടായേക്കാമെന്ന് പഠനം

സിയോള്‍: കോറോണ വൈറസ് രോഗലക്ഷണം പ്രകടിപ്പിക്കാത്തവരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം. സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

മാര്‍ച്ച് ആറിനും 26-നും ഇടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 303 പേരില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 22 മുതല്‍ 36 വയസ്സുവരെ പ്രായമുണ്ടായിരുന്ന ഇവരില്‍ രണ്ടില്‍ മൂന്നു ഭാഗവും സ്ത്രീകളായിരുന്നു. അതില്‍ 193 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവരും 110 പേര്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമായിരുന്നു. അവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന 89 പേര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഐസൊലേഷനില്‍ പ്രവേശിച്ചതിന്റെ എട്ടാം ദിനമാണ് എല്ലാവരില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചത്.

രോഗലക്ഷണങ്ങളുളളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാന്‍ എടുക്കുന്നസമയം കുറവാണ്. 17 മുതല്‍ 19.5 ദിവസത്തിനുള്ളില്‍ ഇവരുടെ ഫലം നെഗറ്റീവാകുന്നുണ്ട്.

Top