കണ്ടുപിടിക്കപ്പെടാത്ത 17 ലക്ഷത്തോളം വൈറസുകള്‍ പതിയിരിക്കുന്നുവെന്ന് പഠനം

പത്തനംതിട്ട: പ്രകൃതിയില്‍ ഇനിയും കണ്ടുപിടിക്കപ്പെടാത്ത 17 ലക്ഷത്തോളം വിവിധ തരം വൈറസുകള്‍ വന്യജീവികളിലും സസ്തനികളിലും പക്ഷികളിലും പതിയിരിക്കുന്നുവെന്നും ഇവയില്‍ 5.4 ലക്ഷം മുതല്‍ 8.5 ലക്ഷം വരെ വൈറസുകള്‍ക്ക് മനുഷ്യനെ ബാധിക്കാന്‍ തക്ക ശേഷിയുള്ളവയാണെന്നും ആഗോള ശാസ്ത്ര സംഘടനയുടെ പഠനം. ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസസ് (ഐപിബിഇഎസ്) എന്ന സംഘടനയാണ് ഈ മുന്നറിയിപ്പു നല്‍കിയത്.

ലോകത്തെ 70 ശതമാനം പകര്‍ച്ചവ്യാധികളും ജന്തുജന്യവൈറസുകളിലൂടെയാണു മനുഷ്യരിലേക്കു പകരുന്നത്. വികസനത്തിനും വന്‍കിട കൃഷി ആവശ്യങ്ങള്‍ക്കുമായി വന്യജീവികളുടെ ആവാസ വ്യവസ്ഥകളായ നിബിഡ വനങ്ങള്‍ വെട്ടിവെളിപ്പിക്കുമ്പോള്‍ ഇവ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ പക്ഷികളെയും മൃഗങ്ങളെയും ഫാമില്‍ വളര്‍ത്തുന്നതും വന്യജീവികടത്തും രോഗം വരുന്ന വഴികളാണ്.

മാംസ ഉപയോഗം കുറയ്ക്കാന്‍ മഹാമാരി നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ലോകരാജ്യങ്ങള്‍ പരിഗണിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഹരിത ബോണ്ടുകളും മറ്റും രൂപപ്പെടുത്താനും ശുപാര്‍ശയുണ്ട്. മൃഗങ്ങളില്‍ നിന്നുള്ള കമ്പിളി പോലെയുള്ള ഉല്‍പന്നങ്ങള്‍ക്കും വൈകാതെ അത്തരം ലേബലിങ്ങും നികുതിയും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

രാജ്യാന്തര വ്യാപാരവും യാത്രകളും ഭാവിയിലെ മഹാമാരികളെ പ്രതിരോധിക്കുന്ന വിധത്തിലാക്കാന്‍ നയരൂപീകരണവും വൈകാതെ ആരംഭിക്കും. മാര്‍ക്കറ്റും പൊതുസ്ഥലങ്ങളും രോഗവ്യാപനമുക്തമാക്കുന്ന ആഗോള പദ്ധതികളും ഇന്റര്‍ ഗവണ്‍മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ട്രേഡ് പാട്ണര്‍ഷിപ്പിന്റെ ഭാഗമായി രൂപീകരിക്കും. ആദിവാസി സമൂഹങ്ങളും മറ്റും പിന്തുടരുന്ന നല്ല മാതൃകകള്‍ പിന്തുടരാനും ആലോചനയുണ്ട്.

1960നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മഹാമാരികളില്‍ 30 ശതമാനത്തിനും പിന്നില്‍ ലോകത്തെ ഭൂവിനിയോഗത്തില്‍ വന്ന മാറ്റമാണെന്നു പഠനം പറയുന്നു. ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട് വേണ്ടത്ര തീറ്റ കിട്ടാതെ അലയുന്ന വവ്വാലുകളും കുരങ്ങുകളും എലികളും ജലപക്ഷിക്കളുമെല്ലാം വൈറസ് വാഹകരാണ്. ലോകത്ത് ഓരോ വര്‍ഷവും മഹാമാരികളായി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള 5 രോഗങ്ങള്‍ പുതുതായി രൂപപ്പെടുന്നു. മനുഷ്യരുടെയും മറ്റു ജന്തുജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പാലിക്കുന്ന വണ്‍ ഹെല്‍ത്ത് എന്ന നൂതന ആശയമാണ് ഇനി വേണ്ടെതെന്നും സംഘടന വ്യക്തമാക്കി.

Top